Sunday, April 2, 2017

പിരമിഡുകളുടെ നാട്‌

ഈജിപ്റ്റ്‌ എന്ന രാജ്യത്തോടുള്ള അടങ്ങാത്ത ഒരു ആഗ്രഹം 2009 ൽ ഒരു യാത്രയിലാണ് അവസാനിച്ചത് എന്നിലെ സഞ്ചാരിയുടെ ആദ്യ യാത്രയാണ് ഇത് എന്ന് തന്നെ പറയാം.
(ഇന്ത്യയും ഗൾഫും അല്ലാതെ വേറെ ഒരു സ്ഥലത്തും ഞാൻ അപ്പോള്‍ പോയിട്ടുണ്ടായിരുന്നില്ല )

എന്തു കൊണ്ട് ആദ്യം ഈജിപ്റ്റ്‌ തിരഞ്ഞെടുത്തു എന്നതിന് എനിയ്ക്ക് വ്യക്തമായ ഉത്തരം ഉണ്ട്.അത്രയേറെ കൊതിപ്പിച്ചിരുന്നു ഈജിപ്ഷ്യൻ കഥകളും സംസ്കാരവും.ഒറ്റയ്ക്ക് കറങ്ങാൻ ആയിരുന്നു ആദ്യത്തെ പ്ലാൻ. രണ്ടു ദിവസം മുമ്പ്‌ കൂട്ടുകാരാൻ ബാസിലിനെ വിളിച്ചു പോകുന്ന കാര്യം പറഞ്ഞു.വളരെ യാദൃശ്ചികമായി അവനും വരുന്നുണ്ട് എന്ന് പറഞ്ഞു.ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.കാരണം രണ്ടു ദിവസം കൊണ്ട് വിസ കിട്ടാനും പിന്നെ ടിക്കറ്റ്‌ ശരിയാകനും ബുദ്ധിമുട്ടാണ്.വളരെ അപ്രതീകിഷിതമായി പോകുന്നതിന്റെ തലേ ദിവസം അവനു വിസ കിട്ടുകയും എകണോമി ക്ലാസ്സ്‌ എയർ ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ട് അവൻ ബിസിനസ്സ്‌ ക്ലാസ്സ്‌ ടിക്കറ്റ്‌ എടുക്കുകയും ചെയ്തു !!!! ( ആദ്യമായാണ് അവൻ എയർ ഇന്ത്യ അല്ലാതെ വേറെ ഒരു ഫ്ലൈറ്റ് ബുക്ക്‌ ചെയ്യുന്നത് അതും ബിസിനസ്‌ ക്ലാസ്സ്‌ )

കുവൈറ്റ്‌ വഴി ആയിരുന്നു യാത്ര.കുവൈറ്റിൽ 4 മണിക്കൂർ നേരം സ്റ്റോപ്പ്‌ ഓവർ ഉണ്ടായിരുന്നു. മുമ്പ്‌ അറിയിച്ചത് കൊണ്ട് കുവൈറ്റ്‌ എയർപോർട്ടിൽ ചാറ്റ് ഫ്രണ്ട് മെരിൻ വന്നിട്ടുണ്ടായിരുന്നു .ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലെങ്കിലും എന്നെ മെറിൻ പെട്ടെന്ന് തിരിച്ചറിഞ്ഞു ഒരു പാട് നേരം സംസാരിച്ചു .ഇപ്പോഴും കുവൈറ്റ്‌ എയർപോർട്ടിൽ എത്തിയാൽ ആദ്യം ഓർമ വരുന്നത് മെരിനെയാണ്‌.മെറിൻ പറഞ്ഞത് പ്രകാരം അവളുടെ സുഹൃത്ത്‌ ഞങ്ങളെ കുവൈറ്റ്‌ സിറ്റി കാണിക്കാൻ കൊണ്ട് പോയി .അവന്റെ കയ്യിൽ കാശ് ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു മെറിൻ ഞങ്ങൾ കാണാതെ അവന് കാശ് കൊടുകുന്നുണ്ടായിരുന്നു

കൈറോ എയർപോർട്ടിൽ എത്തിയത് രാത്രി 3 മണിക്കാണ് .ഒരു ട്രാവൽ ഏജന്റ്‌ വഴിയാണ് ടൂർ ബുക്ക്‌ ചെയ്തിരുന്നത് ..അവരുടെ പ്രതിനിധി എത്തുമെന്നാണ് അറിയിച്ചിരുന്നത്. എയർപോർട്ടിൽ നിന്ന് ഇറങ്ങി ഒരു മണിക്കൂർ ആയിട്ടും ആരെയും കാണുന്നില്ല ....ടാക്സി ഡ്രൈവേർസ് ഞങളെ വളയാൻ തുടങ്ങി കൂട്ടത്തിൽ വേറെ കുറെ ആളുകളും .ചെറുതായി പേടി തോന്നി തുടങ്ങി.അന്ന് പ്രായം 25 ആയിട്ടുള്ളൂ .യാത്ര ചെയ്തു ശീലവും ഇല്ല .ട്രാവൽ ഏജന്റിനെ ഫോണിൽ വിളിച്ചപ്പോൾ ഭാഗ്യത്തിന് അയാൾ ഫോൺ എടുത്തു .ഡ്രൈവർ എയർപോർട്ടിൽ ഉണ്ടെന്നു പറയുകയും ചെയ്തു.ഫോൺ വെച്ചതും ഒരാൾ വന്നു പുറത്ത് ഒരു അടി അടിച്ചു .

ചുവന്ന കറയുള്ള പല്ലുകളും തടിച്ച പ്രകൃതവും .ഞാൻ അഹമദ് .ഞാനാണ്‌ നിങ്ങളുടെ ഡ്രൈവർ. നിങ്ങളെ കണ്ടു പിടിക്കാൻ എനിക്ക് പ്രയസപ്പെടേണ്ടി വന്നില്ല .ഈ എയർപോർട്ടിൽ ഇപ്പോൾ വേറെ ഒരു ഇന്ത്യകാരനും ഉണ്ടാകും എന്ന് തോന്നുന്നില്ല ..ശ്വാസം അപ്പോഴും മുഴുവാനയിട്ടു വീണിട്ടില്ല ..രണ്ടും കല്പിച്ചു അയാളുടെ വണ്ടിയിൽ കയറി.കൈറോ സിറ്റി രാത്രിയിൽ മനോഹരമായിരുന്നു ...പഴയ കെട്ടിടങ്ങളും റോഡുകളും ...പതുക്കെ റോഡുകൾ മാറി ഇടവഴികൾ ആയി തുടങ്ങി ....മനസ്സിൽ പേടി കൂടി വന്നു.ഗൾഫിൽ ഉള്ളവർക്ക് അറിയാം ഈ നാടുകരെ പറ്റി അത്ര നല്ല അഭിപ്രായമല്ല ....ഇവർ ചതിക്കും എന്നാന്നു പൊതുവെ ഉള്ള ഒരു അഭിപ്രായം. ഒരുപാടു ഇടവഴികൾ കഴിഞ്ഞു ഹോട്ടലിൽ എത്തി ....ഞങ്ങളെ ഇറക്കി അഹമദ് തിരിച്ചു പോയി

ഹോട്ടലിൽ നിന്ന് നോക്കിയാൽ പിരമിഡ്‌സ് കാണാമായിരുന്നു .സമയം നാല് മണിയായി.8 മണിക്ക് ഹോട്ടലിൽ നിന്ന് ഇറങ്ങണം ...രാവിലെ ആദ്യം പോയത് പിരമിഡ്‌സ് കാണാനായിരുന്നു.ഫോട്ടോ കണ്ടതിനെക്കാളും കേട്ടറിഞ്ഞതിനെക്കളും മനോഹരം.ഡ്രൈവർ അഹമദ് കഥ പറഞ്ഞു തുടങ്ങി.എല്ലാവരും വിചാരിക്കുന്ന പോലെ പിരമിഡ്‌സ് അടിമകളെ കൊണ്ടല്ല ഉണ്ടാക്കിയത്.കൂലിക്കാർ ആയിരുന്നത്രെ .ഒരു ദിവസത്തെ ജോലിക്ക് 4 ലിറ്റർ ബിയർ ആയിരുന്നത്രെ പ്രതിഫലം ...ലണ്ടൻ കാതീട്രൽ ഉണ്ടാക്കുന്നതുവരെ ലോകത്ത് ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍‌മ്മിത വസ്തു പിരമിഡ്സ് ആയിരുന്നു .ഏകദേശം 3871 വര്‍ഷം.ഓരോ കല്ലുകളും ഒരു മനുഷ്യനേക്കാളും വലിപ്പം ഉണ്ട്.പിരമിഡിന്റെ നിർമാണത്തെ പറ്റി പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും 100 % ശാസ്ത്രീയമായി അത് കണ്ടുപിടിക്കപ്പെടിട്ടില്ല. പിരമിഡ്‌സിനു കാവല്‍ക്കാരനായിട്ടു സ്‌ഫിങ്‌സ്‌ എന്ന ഒരു പ്രതിമയും അവിടെ ഉണ്ട് ..കിട്ടിയ സമയം കൊണ്ട് ഒരു ഒട്ടക പ്രദക്ഷിണവും നടത്തി. ഇവിടെ എൻട്രി ഫീ 80 പൌണ്ട് ആണ്. നമ്മുടെ നാട്ടിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇപ്പോഴും 10 രൂപയും 20 രൂപയും ആണ് എൻട്രി ഫീ ....!!!!

ഞാൻ കഴിച്ചതിൽ ഏറ്റവും ഏറ്റവും രുചിയുള്ള ഭക്ഷണങ്ങളിൽ ഒന്ന് ഇവിടുത്തെ ഫുഡ്‌ ആണ്. ഡ്രൈവർ അഹമദ്‌ 40 വര്‍ഷം പഴക്കമുള്ള ഒരു ഹോട്ടലിലേക്ക് ആണ് ഞങ്ങളെ കൊണ്ട് പോയത്.പിന്നീട് ഒരുപാടു പിരമിഡുകൾ വേറെയും കണ്ടു.ഈജിപിറ്റിൽ ഏകദേശം 138 പിരമിഡ് ഉണ്ടത്രേ.

രാത്രി കൈറോ നഗരം ചുറ്റാൻ ഞങ്ങൾ ഇറങ്ങി .റോഡ്‌ സൈഡിൽ ലി മേരിടിയാൻ ഹോട്ടലിൽ ഒരു വലിയ വിവാഹ പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. ഈജിപിറ്റിലെ കല്യാണം എങ്ങനെയുണ്ട് എന്നറിയാൻ രണ്ടും കല്പിച്ചു കയറി.എല്ലാവരും ഞങ്ങളെ സൂക്ഷ്‌മമായി നോക്കുന്നുണ്ടായിരുന്നു. സ്വന്തം നാട്ടിൽ പോലും ഒരു വിളിക്കാത്ത കല്യാണത്തിന് പോകാത്ത ഞാൻ ആദ്യമായിട്ടാണ്.ആളുകളുടെ അത്ഭുതം കൂറിയുള്ള നോട്ടം കണ്ടപ്പോള്‍ വധു വരന്മാരുടെ അടുത്ത് പോയി അവർക്ക് ഓൾ ദി ബെസ്റ്റ് പറഞ്ഞ് കൊണ്ട് അവിടെ നിന്ന് ചാടി.അന്ന് അവിടെ നടന്നിരുന്ന സംഗീത കച്ചേരിയുടെ താളം ഇപ്പോഴും മനസ്സിലുണ്ട്.

പിറ്റേ ദിവസം രാവിലെ നേരെ പോയത് ഈജിപിറ്റിലെ മ്യൂസിയം കാണാനായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മ്യൂസിയം.ഒരുപാട് സ്വർണവും രത്നവും ഇപ്പോഴും അവിടുത്തെ ശേഖരത്തിൽ ഉണ്ട് .സ്പെഷ്യൽ പാസ്‌ എടുത്തു മമ്മി കണ്ടു.അതിന്റെ ഉള്ളിൽ ഉള്ള ഒരു വലിയ പ്രതിമ കണ്ടിട്ട് ഇതെങ്ങെനെ ഇതിനകത്ത് കയറ്റി എന്ന് ഒരു സംശയം എനിക്ക് വന്നു. ചോദിച്ചപ്പോൾ ആ പ്രതിമ അവിടെ കൊണ്ട് വെച്ചതിനു ശേഷമാണു മ്യൂസിയം പണിതത്രേ.2012 ലെ യുദ്ധത്തിനു ശേഷം അവിടെ വലിയ രീതിയിലുള്ള കവര്‍ച്ച നടന്നു എന്നാണ് കേട്ടത്.

പിന്നീട് സലാദിൻ സിട്ടടെൽ മൊഹമ്മദ്‌ അലി മോസ്ക്,ജുവിഷ് സിനഗോഗ്, ജീസസ് ക്രൈസ്റ്റ് ഹാങ്ങിങ് ചര്‍ച്ച് എന്നിവയും കണ്ടു.

സജിത്‌ മുഹമ്മദ്‌