Sunday, March 12, 2017

അന്ന് കണ്ടൊരാൾ...

അലങ്കാര മൽസ്യത്തിൻ്റെ വായ പോലുള്ള 'ദുബായ്-ഇൻറ്റർനെറ് സിറ്റി' മെട്രോ സ്റ്റേഷൻ കവാടത്തിലൂടെ ഞാൻ അതിവേഗം നടന്നു 'നോൽ കാർഡ്' സ്വയ്പ്പ് ചെയ്യുമ്പോൾ തന്നെ റാഷിദിയ ഭാഗത്തേക്ക് പോവുന്ന ട്രെയിൻ അല്പസമയത്തിനുള്ളിൽ പ്ലാറ്റ് ഫോമിൽ എത്തും എന്നുള്ള അന്നൗസ്‌മെൻറ് കേൾക്കാമായിരുന്നു .എസ്കലേറ്ററിൻ്റെ സ്റ്റെപ്പുകൾ ഒരു കൊച്ചികുട്ടിയുടെ ചടുലതയോടെ ഓടിക്കയറി പ്ലാറ്റഫോമിൽ എത്തി ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ തന്നെ സീറ്റ് കിട്ടും എന്നുള്ള പ്രതീക്ഷ പാടേ മങ്ങിപ്പോയി. ഉച്ചതൊട്ടുള്ള അലച്ചിൽ കാരണം ഞാൻ വളരേ ക്ഷീണിതയായിരുന്നു, പോരാത്തതിന് അസഹ്യമായ തലവേദനയും. പ്ലാറ്റഫോം സ്ക്രീൻ ഡോറിനു മുന്നിലുള്ള ക്യു വിൽ ഞാനും ചേർന്നുനിന്നു. എനിക്കു മുമ്പിലായി നിന്നിരുന്ന സുഡാനി സ്ത്രീയുടെ ഉപ്പൂറ്റിയുടെ പകുതിയും ചെരുപ്പിനു പിറകിലേക്ക് തള്ളിനിന്നു.

ക്യൂ പാലിച്ചു നിന്ന എല്ലാവരും തന്നെ ട്രെയിൻ വന്നപ്പോൾ കുറച്ചു അക്ഷമരായി തിക്കിത്തിരക്കിയാണ് അകത്തു കയറിയത് . വെറും 30 സെക്കന്റിനുള്ളിൽ ഇറങ്ങേണ്ടവർ ഇറങ്ങുകയും കയറേണ്ടവർ കയറുകയും വേണം, 30 സെക്കൻഡ് കഴിഞ്ഞാൽ ഡോറുകൾ എല്ലാം ഓട്ടോമാറ്റിക് ആയി അടയും.

ട്രെനിനുള്ളിൽ പ്രതീക്ഷിച്ചതിലും ഏറെ തിരക്കുണ്ടായിരുന്നിട്ടും ഒരു സീറ്റിനു വേണ്ടി, ചുറ്റും കണ്ണുകൊണ്ടു പരതി, ഒടുവിൽ മൂടും ചാരി നില്ക്കാൻ രണ്ടുപേർക്കു മാത്രം ഇരിക്കാവുന്ന ഒരു സീറ്റിനോട് ചേർന്നുള്ള ചുമരിൽ ഇടം കണ്ടെത്തി, ഒരു ജന്മത്തിൻ്റെ മുഴുവൻ ശരീരഭാരവും ഏൽപ്പിച്ചു അങ്ങനെ ചാരി സുഖിച്ചു നിന്നു. തൊട്ടടുത്ത ജനലിൻ്റെ ഗ്ലാസിൽ നോക്കിയപ്പോൾ നടുമടങ്ങിപോയ ഒരു ഛായാചിത്രമാണ് ഞാനെന്നു തോന്നി . സീറ്റിൽ ഇരുന്നവർ എന്നെതന്നെ നോക്കുന്നതായി അനുഭവപ്പെട്ടു. ഞാനും അവരെ ഒന്ന് പാളി നോക്കി, കൊത്തിവിരിഞ്ഞു രണ്ടു ദിവസം മാത്രമായ കോഴികുഞ്ഞിൻ്റെ കണ്ണിലൂടെയെന്നപോലെ, അതേ നിഷ്കളങ്കതയോടെ..

നല്ല വെളുത്തു സുമുഖനായ ഒരു ഈജിപ്ഷ്യൻ യുവാവ്, കൂടെയുള്ള സ്ത്രീയുടെ നെറ്റിയുടെ ഒരല്പവും കണ്ണുകളും മാത്രമേ പുറത്തു കണ്ടുള്ളൂ , അവർ പർദയോടൊപ്പം കറുത്ത മൂടുപടവും അണിഞ്ഞിരുന്നു, അയാളുടെ ഭാര്യയായിരിക്കണം. അയാളുടെ കയ്യിൽ ഏതാണ്ട് 2 വയസ്സു തോന്നിക്കുന്ന ആൺകുഞ്ഞും. ഞാൻ നോക്കിയതും അയാൾ വളരെ പരിചിത ഭാവത്തിൽ ചിരിച്ചു കൊണ്ട് കുഞ്ഞിനെ ഭാര്യയെ ഏൽപ്പിച്ചു എണീച്ചു നിന്ന്, എൻ്റെ നേർക്ക് സീറ്റു ചൂണ്ടിക്കാണിച്ചു തന്നു. അയാളെ എവിടെ വെച്ചോ കണ്ടിട്ടുണ്ട് എന്നത് തീർച്ച, പക്ഷ ആ സമയത്തു വേറെയൊന്നും ഓർമയിൽ തെളിഞ്ഞു വന്നതേയില്ല,ആ സ്ത്രീയുടെ അരികിലായി ഇരുന്നു. അവിടെ എനിക്ക് മുമ്പേ സീറ്റിനായി കാത്തു നിന്ന രണ്ടു ശ്രീലങ്കൻ യുവതികൾ എന്നെ നീരസത്തോടെ തോക്കുന്നതു കണ്ടില്ലെന്നു നടിച്ചു.

തൊട്ടടുത്തിരുന്ന മൂടുപടമണിഞ്ഞ പർദ്ദക്കാരി എന്നെനോക്കി പുഞ്ചിരിക്കുകയാണെന്നു ആ കണ്ണുകളിലെ തിളക്കം എന്നോട് ബോധ്യപ്പെടുത്തി. ഞാനും ഒരു ശ്വാസം മുട്ടലോടെ ചിരിച്ചു. അവർക്കെന്നെ ആദ്യമേ അറിയാമായിരുന്നോ അതോ എന്താ ദയനീയമായ നിപ്പ് കണ്ടു വിളിച്ചു സീറ്റ് തന്നതാണോ എന്നുള്ള ചിന്താകുഴപ്പത്തിലായി , എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പായി തൊട്ടടുത്ത സ്റ്റേഷനിൽ അവർ ഇറങ്ങുകയും ചെയ്തു. ഇറങ്ങുന്നതിനു മുമ്പു അവൾ എൻ്റെ കൈപിടിച്ച് നന്ദി പറഞ്ഞു, അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഞാൻ ഒരു വിഡ്ഢിയെ പോലെ ചിരിച്ചുകൊണ്ട് തലകുലുക്കി. അതോടെ ഒന്നെനിക്കു തീർച്ചയായി അത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയല്ല. എന്നാലും എന്തിനായിരിക്കും അവൾ അത് പറഞ്ഞതു, എൻ്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ കടുക് പോലെ പൊട്ടിത്തെറിച്ചു വന്നു.

എൻ്റെ ശരീരവും മനസ്സും ഒരുപോലെ ക്ഷീണിച്ചിരുന്നു..പോരാത്തതിന് അതി ശക്തമായ വിശപ്പും, ബാഗിൽ കിടന്ന ആപ്പിളിൻ്റെ വാടിയ മണം എൻ്റെ വിശപ്പിനു ആക്കം കൂട്ടിയതേയുള്ളു.ട്രെയിനിൽ വെച്ച് ആഹാരപദാർത്ഥങ്ങൾ തിന്നുന്നതും കുടിക്കുന്നതും പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് ഒന്ന് കൂടി വായിച്ചു നോക്കി തൃപ്തിയടഞ്ഞു. ഒരു ദീർഘ ശ്വാസമെടുത്തു കൊണ്ട് പുറത്തേക്കു നോക്കിയിരുന്നു. ക്ഷീണം കൊണ്ട് എൻ്റെ കണ്ണുകൾ അടഞ്ഞു പോയി. അലോസരപ്പെടുത്തുന്ന ഒരു പാട്ടു കേട്ടാണ് ഞെട്ടി കണ്ണുതുറന്നുതു, ഗായിക തൊട്ടടുത്ത് ഇരിക്കുന്ന ഒരു തടിച്ച ഫിലിപ്പിനോ യുവതി ആയിരുന്നു, അവൾ ഹെഡ്‍ഫോൺ വെച്ച് പാട്ടു കേൾക്കുന്നതോടൊപ്പം കൂടെ പാടുകയാണ് . അവളുടെ ഹെഡ് ഫോണിൽ നിന്നുള്ള ശബ്ദം ചുറ്റിലും ഉള്ളവർക്ക് കേൾക്കാവുന്ന അത്ര ഉച്ചത്തിലായിരുന്നു. "എന്നാൽ പിന്നെ ആ ഹെഡ്‍ഫോൺ എടുത്തു എൻ്റെ ചെവിയിൽ വെക്കു" എന്ന് പറയാൻ എൻ്റെ നാവു വല്ലാതെ തരിച്ചു, പക്ഷ സ്വയം നിയന്ത്രിച്ചു കടിച്ചു പിടിച്ചു ഇരുന്നു, ചുറ്റിലും ഉള്ള ചിലർ അവളെ ദേഷ്യത്തോടെ നോക്കുന്നതൊന്നും അവൾ ശ്രദ്ധിച്ചതേയില്ല. ഓ വല്ലാത്ത പരീക്ഷണം തന്നെ ..റാംപ് മ്യൂസിക്കിൻ്റെ അലകൾ കേട്ട് തല ഒരു പമ്പരം കണക്കെ ലക്ഷ്യമില്ലാതെ ആടിക്കൊണ്ടിരിക്കയാണെന്നു എനിക്ക് തോന്നി. ഒരു രക്ഷകനും അവിടെ ഇറങ്ങി വന്നില്ല. എല്ലാവരും പരസ്പരം നോക്കി നിസ്സഹായത പങ്കുവെച്ചു. റാഷിദിയ എത്താൻ ഇനിയും 30 മിനുട്ടു എടുക്കും. പാട്ടിൻ്റെ ശബ്ദം കൂടിയായപ്പോൾ തലവേദന യോടൊപ്പം കർണ്ണപാളികളിൽ വണ്ട് അക്രമിക്കുന്നുണ്ടെന്ന തോന്നലും വന്നു. ചുറ്റിലും ഉള്ളവർക്ക് ഇത്രയ്ക്കു ആരോചകമായ മ്യൂസിക്കും സമ്മാനിച്ച് ഒന്നും അറിയാത്തതുപോലുള്ള അവളുടെ ആ ഇരിപ്പും ഭാവവും കണ്ടപ്പോൾ രണ്ടു കേടായ കോഴിമുട്ടകൾ അവളുടെ തലയിൽ അടിച്ചു പൊട്ടിക്കാൻ മനസ്സ് കൊതിച്ചു. ഒരു മലയാളിയുടെ ക്ഷമയെ ചോദ്യം ചെയ്യാൻ തന്നെയായിരുന്നു അവളുടെ ഭാവം.

ഗതികെട്ട് അവളെ തന്നെ തുറിച്ചു നോക്കി. സ്വന്തം ഫോട്ടോ മൊബൈലിൽ കണ്ടു ആസ്വദിച്ച് അവൾ തലയാട്ടി പാടിക്കൊണ്ടിരുന്നു. കുറച്ചു നേരം അവളെ തന്നെ രൂക്ഷമായി നോക്കിയപ്പോൾ കാര്യം മനസ്സിലായി. പാട്ടിൻ്റെ ശബ്ദം പെട്ടെന്ന് കുറഞ്ഞു, കൂടെ പാടുന്നതും അവസാനിപ്പിച്ചു , ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ ഒരു വശത്തേക്ക് ചെരിച്ചു വെച്ച്, ബാഗ് തുറന്നു പഴങ്ങളുടെ വാസനയുള്ള ഒരു ലോഷൻ(സാനിറ്റൈസർ) എടുത്തു രണ്ടുകയ്യിലും തേച്ചുപിടിപ്പിച്ചു.


കണ്ണടച്ചപ്പോൾ വീണ്ടും ആ ഈജിപ്ത്യൻ യുവാവിൽ മുഖം മനസ്സിൽ തെളിഞ്ഞു. ഓർമ്മയുടെ മേഘക്കൂട്ടങ്ങളെ മുന്നോട്ടും പിന്നോട്ടും ആട്ടിപ്പായിച്ചു കൊണ്ട് മസ്തിഷ്‌കം ചില കുതിപ്പുകൾ നടത്തി . ആ മുഖം കുറച്ചുകൂടി വ്യക്തമായി ഓർമയിൽ തെളിഞ്ഞു വന്നു. 5 വര്ഷം മുമ്പ് ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ ഉള്ള ഡയഗണോസ്റ്റിക് ആൻഡ് റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന സമയം. ഒരുദിവസം രാവിലെ മൈക്രോബിയോളജി ലാബിലിരുന്നു റിസൾട്ട് പഠിച്ചു കൊണ്ടിരിക്കുമ്പോൾ സാമ്പിൾ കളക്ഷൻ വിഭാഗത്തിലെ ഫിലിപ്പിനോ ടെക്‌നിഷ്യനോട്‌ ആരോ കയർക്കുന്ന രീതിയിൽ സംസാരിക്കുന്നതു കേട്ടു. ഞാൻ എത്തി നോക്കിയപ്പോൾ ഒരു വെളുത്തു സുന്ദരനായ ഈജ്യപ്ഷ്യൻ യുവാവും ചുരുണ്ടമുടിയുള്ള അയാളുടെ സുഹൃത്തും.കാര്യം തിരക്കിയപ്പോൾ ടേബിളിൽ വെച്ചിട്ടുള്ള ബോട്ടിൽ ചൂണ്ടി കാണിച്ചുകൊണ്ട് ടെക്‌നിഷ്യൻ പറഞ്ഞു. "ഇയാൾ സെമെൻ അനാലിസിസ്(ബീജ പരിശോധന) നു വേണ്ടി സാമ്പിൾ കൊണ്ടുവന്നതാണ് , നോക്കൂ ..ഈ ബോട്ടിലിനു ചുറ്റും തണുപ്പും വെള്ളത്തുള്ളികളും, ഫ്രിഡ്ജിൽ സൂക്ഷിച്ച രീതിയിലാണ് കൊണ്ട് വന്നിരിക്കുന്നത്, ഇത് സ്വീകാര്യമല്ല, വേറെ സാമ്പിൾ കൊണ്ട് വരേണ്ടിവരും എന്ന് പറഞ്ഞതിനാണ് ഇയാൾ ഒച്ച വെക്കുന്നത്. "

എല്ലാ സാമ്പിളുകളും നിശ്ചയിക്കപ്പെട്ട രീതിയിൽ എത്തിയാൽ മാത്രമേ അത് സ്വകരിക്കാൻ നിവർത്തിയുള്ളൂ . അതുകൊണ്ടു രോഗി ലാബിൽ വരുമ്പോൾ തന്നെ പൂർണ്ണമായും മനസ്സിലാക്കി കൊടുക്കാറുണ്ട്, ചിലർക്ക് പ്രിൻറ് ചെയ്‌ത കടലാസ്സും കൊടുക്കാറുണ്ട്, ചിലതു ലാബിൽ നിന്നും കൊടുക്കുന്ന പ്രത്യക ബോട്ടിലിൽ മാത്രമേ ശേഖരിക്കുവാനും പാടുള്ളു.റിസൾട്ടിൻ്റെ കൃത്യതക്കു ഇതെല്ലം കൂടിയേ തീരു. ടെക്‌നിഷ്യൻ എന്നോട് പറഞ്ഞു അയാൾ 3 ദിവസം മുൻപ് വന്നപ്പോൾ എല്ലാം പറഞ്ഞു മനസ്സിലാക്കി ബോട്ടിൽ കൊടത്തയച്ചിരുന്നുവെന്ന്.ഞാൻ അയാളോട് വളരെ സൗമ്യതയോടെ പറഞ്ഞു "ഇത് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട്, ഫ്രിഡ്ജിൽ വെച്ചത് സ്വകരിക്കാൻ സാധിക്കില്ല, സാമ്പിൾ എടുത്തു ഒരു മണിക്കൂറിനുള്ളിലായി തന്നെ ലാബിൽ എത്തിക്കേണ്ടതുണ്ടു. അതുകൊണ്ടു ഒന്ന് കൂടി കൊണ്ട് വരേണ്ടി വരും."

അയാളുടെ കൂടവന്ന സുഹൃത്തു എന്നോട് ഉറക്കെ കയർത്തു സംസാരിച്ചു. ഞാൻ വീണ്ടും ചോദിച്ചു

"നിങ്ങൾ എന്തിനാണ് ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചത്?."

എല്ലാ ചോദ്യങ്ങൾക്കും അയാളുടെ സുഹൃത്താണ് മറുപടി പറഞ്ഞുകൊണ്ടിരുന്നത്.

"ആട്ടേ ..നിങ്ങൾ ഇനി എന്ന് സാമ്പിൾ കൊണ്ടുവരും, ശനിയാഴ്ച്ച കൊണ്ടുവരാൻ സാധിക്കുമോ?" .അയാൾ സുഹൃത്തിൻ്റെ മുഖത്തേക്ക് നോക്കി,സുഹൃത്തിന്റെ മറുപടിക്കായി കാത്തുനിന്നു.

ക്ഷമകെട്ട് അവരെ നോക്കി ചോദിച്ചു "ആരാണ് ഇതിൽ പേഷ്യൻറ് ?"

അയാളുടെ സുഹൃത്തിനോട് കുറച്ചു സമയം പുറത്തു നില്ക്കാൻ ഞാൻ ആംഗ്യം കാണിച്ചു. ബോട്ടിൽ ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു

"ഇത് നിങ്ങളുടെ സാമ്പിൾ തന്നെയാണോ ?"

അയാൾ അല്ലെന്നു തലയാട്ടി. അയാൾ പിന്നീട് പറഞ്ഞതു ഒരു ഞെട്ടലോടെയാണ് കേട്ട് നിന്നതു.

"3 വർഷമായി വിവാഹം കഴിഞ്ഞിട്ട്, കുട്ടികൾ ആവാൻ താമസം വന്നപ്പോൾ ഞാൻ ഒരു പ്രൈവറ്റ് ലാബിൽനിന്നു പരിശോധിച്ചിരുന്നു, അപ്പോൾ കൗണ്ട് കുറവാണെന്നു പറഞ്ഞു. പക്ഷേ എൻ്റെ ഭാര്യക്ക് ഇത് അറിയില്ല, കഴിഞ്ഞ ഒരു വർഷത്തോളമായി ഡോക്ടർസ് ടെസ്റ്റ് ചെയ്യുന്നു, അപ്പോഴെല്ലാം ഞാൻ സുഹൃത്തിൻ്റെ സഹായം തേടുകയാണ് പതിവ്. സത്യം അറിഞ്ഞാൽ അവൾ ചിലപ്പോൾ എന്ന വെറുക്കും, എനിക്ക് സമൂഹത്തിൽ അവഗണന നേരിടേണ്ടി വരും. അതിലും നല്ലതു മരണം ആയിരിക്കും."

അയാളുടെ കണ്ണിലെ ദയനീയതകണ്ടപ്പോൾ എനിക്ക് ദേഷ്യപ്പെടാൻ കഴിഞ്ഞില്ല . ഞാൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു."നിങ്ങൾ ഭാര്യയെ മാത്രമല്ലാ , നിങ്ങളെ തന്നെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നതു. മനുഷ്യരാൽ നിയന്ത്രിതമല്ലാത്ത ഒന്നിൻ്റെ പേരിൽ നിങ്ങൾ ഒരിക്കലും കുറ്റക്കാരൻ ആകുന്നില്ല. ഇനിവരുമ്പോൾ ഭാര്യയെയും കൂട്ടി വരൂ. ഞാൻ എല്ലാം പറഞ്ഞു മനസ്സിലാക്കാം."


പിറ്റേന്ന് അവർ വന്നു. ചുവന്ന ചാമ്പയുടെ നിറമുള്ള സ്കാർഫ് ധരിച്ച ഒരു സുന്ദരിപെൺകുട്ടിയെ പരിചയപ്പെടുത്തി ഭാര്യയാണെന്ന് പറഞ്ഞു അയാൾ ലാബിൻ്റെ വെയ്റ്റിംഗ് ഏരിയയിൽ പോയികാത്തിരിരുന്നു.

അവൾ എന്നോട് പറഞ്ഞു ."കഴിഞ്ഞ ഒരുവർഷത്തോളമായി എന്താണ് കുഴപ്പമെന്നു കണ്ടുപിടിക്കാൻ വിവിധപരിശോധനകൾ ചെയ്യുന്നു. കഴിഞ്ഞ റിസൾട്ടുകൾ പ്രകാരം ഞങ്ങൾക്ക് രണ്ടുപേർക്കും യാതൊരു കുഴപ്പവും ഇല്ല. അത് കൊണ്ട് ഡോക്ടർ ഇത്തവണ ഇവിടത്തെ ലാബിൽ പരിശോധിക്കാൻ ആണ് നിർദശിച്ചിരിക്കുന്നതു."

ഞാൻ അവളെ പതു ക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഭർത്താവിന് എന്തോ ചെറിയ ഒരു കുഴപ്പം ഉള്ളത് കൊണ്ട് സുഹൃത്തിൻ്റെ സാമ്പിൾ ആയിരുന്നു കൊടുത്തുകൊണ്ടിരുന്നതു, അതുകൊണ്ടാണ് ഡോക്ടർക്ക് ഒന്നും കണ്ടെത്താൻ കഴിയാതിരുന്നത്. അവൾ പൊട്ടിത്തെറിക്കുന്നതിനു പകരം കണ്ണ് നിറഞ്ഞു മുഖം ചുവന്നു. കുടിക്കാൻ ഇത്തിരി വെള്ളം ആവശ്യപ്പെട്ടു .

"അദ്ദേഹം എന്നെ ഒരുപാടു സ്‌നേഹിക്കുന്നുണ്ട് എനിക്കറിയാം, എല്ലാം ശെരി തന്നെ, അതുകൊണ്ടായിരിക്കണം ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത്. സത്യത്തിൽ ഈ കള്ളത്തരത്തിനേക്കാൾ എന്നെ വേദനിപ്പിക്കുന്നത് ഇനി എനിക്ക് അദ്ദേഹതോടുള്ള വിശ്വാസം ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർത്താണ്. "

ഞങ്ങൾ കുറച്ചു നേരം അവിടെയിരുന്നു സംസാരിച്ചു, എനിക്ക് കഴിയുന്ന വിധത്തിൽ അവൾക്കു ധൈര്യം കൊടുത്തു യാത്രയാക്കി.

ഒരാഴ്ചക്ക് ശേഷം അയാളുടെ ശെരിക്കുള്ള റിസൾട്ട് വന്നു. കുറച്ചു നാൾ മരുന്ന് കഴിച്ചാൽ മാറാവുന്ന ഒരു ചെറിയ പ്രശ്നം മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു . വിവാഹത്തിന് മുമ്പു അയാൾ ഒരു ചെയിൻ സ്മോക്കർ ആയിരുന്നു, വിവാഹശേഷവും ടെൻഷൻ വന്നാൽ ഇടയ്ക്കു വലിക്കാറുണ്ട്. അതിൻ്റെ അന്തരഫലമായി രൂപപെട്ടതായിരുന്നു അത്.

റാഷിദിയ സ്റ്റേഷൻ എത്തി. അവസാനത്തെ സ്റ്റേഷൻ ആയതു കൊണ്ട് എല്ലാവരും നിർബന്ധമായും അവിടെ ഇറങ്ങണമെന്നും സ്വന്തം സാധങ്ങൾ എടുക്കുകയും വേണമെന്നു ആദ്യം അറബിയിലും പിന്നെ ഇംഗ്ലീഷിലുമായി അന്നൗൻസ് ചെയ്തു, എന്നാൽ എത്രയോ പേരുടെ സ്വപ്നങ്ങളും ചിന്തകളും അതിൽ ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടാവാം, ചിലതു സന്തോഷം തരുന്നവ ചിലതു വേദനിപ്പിക്കുന്നവ , ചിലതു രഹസ്യമായവ ചിലതു പരസ്യമായവ ഒരിയ്ക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കപ്പെടാത്തവ അങ്ങിനയങ്ങനെ..ആർക്കറിയാം......


റാസ്‌മി മുഹമ്മദ്,
ദുബായ്
----------------

റാസ്‌മി മുഹമ്മദ്‌ ഭര്‍ത്താവുമൊത്ത്‌ ദുബായില്‍ താമസിക്കുന്നു.ആനുകാലികങ്ങളിലും ഓണ്‍‌ലൈനിലും കഥകളും ലേഖനങ്ങളും എഴുതുന്ന റാസ്‌മിയുടെ കുടും‌ബ വേരുകള്‍ പെരിങ്ങാടുമായി ബന്ധപ്പെട്ടു കിടക്കുന്നു.