Wednesday, March 29, 2017

വ്യാമോഹങ്ങളുടെ വ്യവഹാരം

കോലം കെട്ടതായിപ്പോയി ലോകം എന്നതിൽ തർക്കമില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്. അതേ സമയം, മനുഷ്യ സമൂഹം പരിഷ്‌കരിച്ചും പുരോഗമിച്ചും വരികയാണെന്നും കരുതപ്പെടുന്നു. ഈ പുരോഗമന പരിഷ്‌കാരങ്ങളിൽ കാര്യമായ പന്തികേടുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.വിസ്‌മയാവഹമാണ്‌ കാര്യങ്ങൾ.ഭൂമിയിലെ സകലമാന മനുഷ്യർക്കും,സസ്യ ജന്തു ജാലകങ്ങൾക്കും, സുഖ സുഭിക്ഷമായി കഴിയാനുളള വിഭവങ്ങൾ സ്രഷ്ടാവ് കരുതി വെച്ചിരിക്കുന്നു.മനുഷ്യനാണങ്കിൽ ഏറ്റവും നല്ല വാര്‍പ്പില്‍ വാർത്തടുക്കപ്പട്ടവനും.പക്ഷെ മനുഷ്യരിൽ ബഹു ഭുരി പക്ഷവും ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയും..മറ്റൊരു വിഭാഗമാകട്ടെ ആവലാധികളിലും ആശങ്കകളിലും എരിപൊരി കൊണ്ട് ഉറക്കം കെട്ടവരും.

നേരും നെറിയും കെട്ട ലോകത്തെ രോഗം ഊഹിക്കാവുന്നതേ ഉള്ളൂ.പ്രതിരോധവും പ്രതിവിധിയും എവിടെ എന്നത്‌ പ്രസക്തമായ വലിയ ചോദ്യ ചിഹ്നം തന്നെ ?

ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായിപ്പോയിരിക്കുന്നു വ്യാപാരപ്പെരുമകള്‍.എല്ലാം കൈമാറ്റം ചെയ്യപ്പെടുന്നു.പണത്തിന് പകരം സൂക്ഷിച്ച് വെക്കുന്നത് കൂടുതൽ പണം പ്രതീക്ഷിച്ചാണ്.മാർക്കറ്റിൽ വിലയില്ലാത്തതെല്ലാം അവഗണിക്കപ്പെടുന്നു.തന്റെ കഴിവുകളും, അവയവങ്ങളും കൂടുതൽ വരുമാനത്തിന് വേണ്ടി എങ്ങനെ കൈമാറണം എന്ന് മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.ഈ കൈമാറ്റത്തിൽ അന്തസ്സും അഭിമാനവും ഒരു പ്രശ്‌നമേയല്ല. ഇതിനൊന്നും മാർക്കറ്റിൽ തീരെ വിലയുമില്ല.നാണയവും മൂല്യവും തമ്മിലുള്ള സമരത്തിൽ മൂല്യം പരാജയപ്പെടുകയാണ്.

പരിപാവനമാണന്ന് കരുതിപ്പോന്ന എല്ലാ സ്ഥാപനങ്ങളുടേയും അടിത്തറ തകർന്നു കൊണ്ടിരിക്കുന്നു.രക്ത ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെ അഭാവത്തിൽ കുടുംബത്തിന് നിലനിൽപ്പില്ല. അരുമക്കിടാങ്ങളോട്‌ രക്ഷിതാക്കളുടെ സമീപനത്തിൽ സ്വഭാവത്തിൽ മാറ്റം വന്നിരിക്കുന്നു.അമ്മയുടെ സമയം മക്കള്‍ കവര്‍‌ന്നെടുക്കാതിരിക്കാനാണത്രെ ഇളം പ്രായത്തില്‍ തന്നെ അവരെ ബാലവാടികളിലടക്കുന്നത്.മക്കളെ മുലയൂട്ടാനും പരിപാലിക്കാനും മാതാ പിതാക്കള്‍‌ക്ക്‌ സമയമില്ല.മധ്യവയസ്‌കര്‍ പോലും അമിതമായസൗന്ദര്യ ബോധത്തിന്റെ തടവറയിലാണ്‌.വരുമാനമില്ലാത്തവനും അത് പ്രതീക്ഷിക്കാത്തവനും കുടുംബത്തിൽ ജീവിക്കാൻ കഴിയുകയില്ല.വാർധക്യത്തിലേക്ക് കടക്കുന്ന മാതാപിതാക്കൾ അധികപ്പറ്റാകുന്നത് അവർ ചെലവ് കോളത്തിലെ ഒരു ഇനമായത് കൊണ്ടാണ്.അവരെ വൃദ്ധമന്ദിരത്തിലേക്കയക്കുന്നത് വ്യാപാരനഷ്‌ടം പരമാവധി കുറക്കാൻ വേണ്ടിയും.

തന്റെ കുട്ടി ഡോക്‌ടറോ,എഞ്ചിനീയറോ ആവണമെന്ന് ആഗ്രഹിച്ച് അവന്റെ തലക്കകത്തേയ്‌ക്ക്‌ ഗണിതശാസ്‌ത്രവും,ഭൗതികശാസ്‌ത്രവും അടിച്ച് കേറ്റുന്ന രക്ഷിതാവ് കുട്ടിയുടെ അഭിരുചിക്കല്ല മറിച്ച് തങ്ങളുടെ ദുരഭിമാനത്തിനാണ് മുൻഗണന നൽകുന്നത്.മലയാളം ക്ലാസ്സിൽ ഉറങ്ങിപ്പോയതിന് ശകാരിച്ച അധ്യാപികയോട് "മലയാളം പഠിച്ചാൽ ഡോക്‌ടറാകുമോ ടീച്ചറേ"എന്ന വിദ്യാർത്ഥിയുടെ ചോദ്യം അവന്റെ ചോദ്യമല്ല ഒരു ജീര്‍‌ണ്ണിച്ച സമൂഹത്തിന്റെ സ്വരപ്പകര്‍ച്ചയാണ്‌.

വി.എം കബീർ
തിരുനെല്ലൂർ