Sunday, March 12, 2017

ചിതൽ തിന്നാത്തത്

വീട്ടിൽ ഇന്നെന്റെ കുഞ്ഞു പെങ്ങളുടെ കല്യാണ നിശ്ചയമാണ്.  ആളുകളെല്ലാം വന്നുതുടങ്ങി  സ്ത്രീകളുടെയും  കുട്ടികളുടെയും പരിചിതവും അല്ലാത്തതുമായ ശബ്ദങ്ങൾ.മുല്ലപ്പൂ വിന്റെയും അത്തറിന്റെയും സുഗന്ധം എന്റെ മാത്രം മണമുള്ള കൊച്ചു മുറിയിലേക്ക് കടന്നു വന്നു.തൂവെള്ള നിറമുള്ള ഉണ്ട മുല്ലപ്പൂക്കളുടെ തനിയാവര്‍‌ത്തനം പോലെയുള്ള ഗന്ധം..

അരയിലെ ബീഡി പൊതിയിൽ നിന്ന് ഒന്നെടുത്തു ആഞ്ഞ് വലിച്ചു, മുകളിലേക്ക് ഉയരുന്ന പുകയെ പതിവ് കൌതുകത്തോടെ നോക്കിനിന്നു.

എനിക്കേറെ ഇഷ്ടമുള്ള എന്റെ അനുജത്തിക്ക്‌ കല്യാണ പ്രായം ആയിരിക്കുന്നു.കടവത്തുള്ള വീട്ടിൽ നിന്നും പാടവരമ്പത്ത് കൂടി എന്റെ കൈവിരൽ തുമ്പ് പിടിച്ചു മദ്രസ്സയിലേക്കും സ്കൂളിലേക്കും പോയിരുന്നവൾ. ഇന്നവൾക്ക്‌  എന്നെ ഭയമാണ്.  മദ്രസയിൽ നിന്നു വരുമ്പോൾ എനിക്ക് ശൈത്താനിളകിയതും പാടവരമ്പത്ത് വീണതും ആളുകൾ ഓടി കൂടിയതും അവൾ കണ്ടിട്ടുണ്ട്. ഇപ്പോൾ നേർക്കുനേർ കണ്ടിട്ട് തന്നെ കാലങ്ങളായികാണും.

പുറത്ത് ആളുകളുടെ ശബ്ദം കൂടിവരുന്നു. വിരുന്നുകാർക്ക്‌ ഭക്ഷണം വിളമ്പുകയാവണം. പാത്രങ്ങൾ  കൂട്ടിമുട്ടുന്നു. ബിരിയാണിയുടെ കൊതിപ്പിക്കുന്ന ഗന്ധം.  എനിക്കും തരുമായിരിക്കും. ഭ്രാന്തനും വിശപ്പുണ്ടെന്നത്‌ യാഥാര്‍‌ഥ്യം.ആദ്യമാദ്യാം ഇരുട്ടിനെ ഭയമായിരുന്ന എനിക്കിപ്പോൾ വെളിച്ചത്തോട്  വെറുപ്പാണ്,  എന്റെ നിഴൽ പോലും എനിക്ക് കൂട്ടില്ല.

ജന്നലിൽ എന്തോ തട്ടുന്ന ശബ്ദം. വാതിലിലൂടെ ബിരിയാണി പാത്രം  നിരക്കി വെക്കുന്നു. നേരിയ വെളിച്ചം എന്റെ ഇരുട്ട് മുറിയിലേക്ക് ഇരച്ചുകയറി. എനിക്കുള്ള ഓഹരിയാണ്.ഇരുന്നിടത്ത് നിന്നു  എഴുന്നേൽക്കാൻ തോന്നിയില്ല. നിശബ്ദത. ആൾതിരക്ക്  കുറഞ്ഞെന്ന് തോന്നുന്നു.

മുറിയിലെ നേരിയ വെളിച്ചം അസഹനീയമായി തോന്നി. ജന്നൽ കമ്പിയിൽ പിടിച്ച് പുറത്തുള്ള വാതിലടക്കാൻ കയ്യെത്തിച്ചു.പള്ളിയിൽ നിന്നു അസർ ബാങ്കിന്റെ മനോഹര ശബ്ദം.ഞാൻ പുറത്തേക്ക് നോക്കി. ആരൊക്കെയോ തിരിച്ചു പോകുന്നുണ്ട്.കൈവിരൽ തുമ്പിൽ കുട്ടിയെ പിടിച്ചു പോകുന്ന സ്ത്രീ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി നടക്കുന്നു.പെട്ടന്ന് എന്റെ കൈകള്‍ അകത്തേക്ക് വലിച്ചു. ആ കണ്ണുകൾ,  നെറ്റിയിലെ കറുത്ത മറുക്, അതെ അത് അവൾ തന്നെ.ഞാൻ ഒന്നു കൂടി നോക്കി. ഇല്ല അവൾ പോയിരിക്കുന്നു. ചിതലരിക്കാത്ത  ഓർമ്മകൾ ചിതലരിക്കും പോലെ പടരാന്‍ തുടങ്ങി. അവൾക്കും എന്നോട് വെറുപ്പും ഭയവുമായിരിക്കും. പാടില്ല. എനിക്കോർമ്മകളില്ല.  വികാരങ്ങളും പ്രതീക്ഷകളും ഇല്ല.ജന്നൽപ്പാളികൾ കൊട്ടിയടച്ചു ഭ്രാന്തമായ  ഇരുട്ടിൽ വീണ്ടും എന്റെ ഓർമ്മകൾ കുഴിച്ചു മൂടി.

ഷമീർ ഖാസിം പുത്തോക്കില്‍