Thursday, March 23, 2017

യുദ്ധവും സമാധാനവും

യുദ്ധം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണെന്ന് വിശ്വസിക്കുന്ന നേതാക്കൾ വാഴുന്ന ലോകത്താണ് ഇന്ന് നാം നിവസിക്കുന്നത്. യുദ്ധത്തിലൂടെ എല്ലാം നേടാമെന്നും എല്ലാം പിടിച്ചടക്കാമെന്നും അതിലൂടെ ലോകം കൈപിടിയിലൊതുക്കാമെന്നും ഈ പമ്പര വിഡ്ഢികൾ മനക്കോട്ട കെട്ടുന്നു.അങ്ങനെയായിരുന്നെങ്കിൽ,അലക്‌സാണ്ടർ ചക്രവർത്തി എല്ലാം തികഞ്ഞ,എല്ലാം കാൽക്കീഴിലാക്കിയ പ്രജാപതിയായി സന്തോഷത്തോടെ വാഴുമായിരുന്നു. പക്ഷേ ,സംഭവിച്ചതെന്താണ്, ലോകം മുഴുവൻ വെട്ടിപ്പിടിച്ചെങ്കിലും അവസാന നാളുകളിൽ തൻ്റെ എല്ലാമെല്ലാമായ അമ്മയെ ഒരു നോക്ക് കാണാൻ ഉൽക്കടമായ ആഗ്രഹമുണ്ടായിട്ടും അത് നടക്കാതെ ദുഃഖഭാരത്തോട് കൂടിയാണ് ഈ ലോകത്തോട് വിട പറഞ്ഞു പോയത്.

എന്നാൽ, യുദ്ധത്തിലൂടെ നഷ്ടമാകുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. എണ്ണമറ്റ ജീവനുകളും കണക്കില്ലാത്ത സമ്പത്തും, പ്രകൃതി വിഭവങ്ങളും, അങ്ങനെ അങ്ങനെ,,,, അന്തരീക്ഷ മലിനീകരണം യുദ്ധത്തിൻ്റെ ഏറ്റവും വലിയ ഭവിഷ്യത്തുകളിൽ ഒന്നാണ്. യുദ്ധത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ലോകം അറിയുന്നില്ല, അഥവാ ശ്രദ്ധിക്കുന്നില്ല.കാരണം യുദ്ധത്തിനെതിരെ സ്വരമുയർത്തുന്നവർ ദുർബ്ബലരാണ്. ആധുനിക വർണ്ണപ്പൊലിമകൾ അവർക്കില്ല.       

യുദ്ധങ്ങൾ പ്രശ്നങ്ങളെ പരിഹരിക്കുകയല്ല,പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. തൻ്റെ മൂന്ന് മക്കളെയും വിളിച്ചുണർത്തി അലങ്കാര വസ്ത്രങ്ങളണിയിച്ചുകൊണ്ട് യുദ്ധക്കളത്തിലേക്ക് പറഞ്ഞയക്കുന്ന ഒരു മാതാവിനെ നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയും. ഇന്നും അത്തരം ഉമ്മമാരെ ധാരാളം കാണാൻ കഴിയും. ആദർശം നെഞ്ചോട് ചേർത്ത വനിതകളാണവർ. തങ്ങളുടെ പിതാക്കൾ വധിക്കപ്പെട്ടത് എന്തിനെന്നറിയാതെ , പിതാക്കൾ നഷ്ടപ്പെട്ട മക്കൾ കഷ്ടപ്പെട്ട് ജോലിചെയ്ത് കുടുംബം പുലർത്തുന്ന അവസ്ഥ നമുക്കിന്ന് ധാരാളമായി കാണേണ്ടി വരുന്നു.അതുപോലെതന്നെ പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടത്തോടെ കുഴിമാടത്തിലേക്ക് തള്ളുന്ന പട്ടാളക്കാരുടെ കരുണ വറ്റിയ പ്രവർത്തികളും നാം കണ്ടുകൊണ്ടിരിക്കുന്നു. ആ മക്കളെയും കാത്ത് വീട്ടിലിരിക്കുന്ന അമ്മമാർ ,ഇങ്ങനെ ധാരാളം ദയനീയമായ കാഴ്ചകൾ നാം പത്രമാധ്യമങ്ങളിലൂടെ നിത്യേന കണ്ടുകൊണ്ടിരിക്കുന്നു.ഇതെല്ലാം കണ്ട് തീരെ മനസ്സലിയാത്ത നേതാക്കളാണ് ലോകം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ നമുക്കെവിടെയും കാണാൻ കഴിയില്ല, ലോകത്തെവിടെയെങ്കിലും യുദ്ധം എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചതായിട്ട്.എന്നാൽ ആദർശ സംരക്ഷണാർത്ഥം ഒരുമിച്ച് നിന്ന് പോരാടിയപ്പോൾ , അവിടെ അസത്യത്തിന് മേൽ സത്യം വിജയം വരിച്ചതായി കാണാൻ കഴിയും. പക്ഷെ,ഇന്ന് അത്തരം പോരാട്ടങ്ങൾ ദുർബ്ബലമാണ്. കാരണം ഇന്ന് ഏതൊരു സംഘത്തെ എടുത്ത് പരിശോധിച്ചാലും അതിൽ ഭിന്നത വളരെ പ്രകടമാണ്. ആഭ്യന്തര ഭിന്നതയുള്ള ഒരു സംഘം ,അവരുടെ ലക്‌ഷ്യം എത്ര ഉന്നതമാണെങ്കിലും വിജയത്തിലെത്തുക വളരെ പ്രയാസമാണ്. ഇതെല്ലാം പരിഹരിച്ചു ഐക്യത്തോടെ മുന്നേറിയെങ്കിൽ മാത്രമേ സ്നേഹവും സമാധാനവുമുള്ള ഒരു ലോകം പുലരുകയുള്ളു.

സിയാദ് അബ്ദുൽ ഖാദർ പുതിയവീട്ടിൽ
ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ
ദോഹ ഖത്തർ .