Tuesday, February 28, 2017

ഒരു സ്വപ്ന യാത്ര

ഞാൻ പ്ലസ്ടുവിനു പഠിക്കുന്ന കാലം.എൻറെ കൂട്ടുകാർക്കൊക്കെ മൊബൈൽ ഫോൺ ആയതിൽ പിന്നെ എനിക്കും മൊബൈൽ കൊടുത്തയാക്കാൻ പറഞ്ഞിട്ട് വാപ്പച്ചിക്ക് പൊറുതി കൊടുത്തിരുന്നില്ല . മാമയുടെ മകളുടെ കല്യാണമാണ് നാളെ.മൊബൈൽ വാങ്ങിത്തന്നില്ലെങ്കിൽ കല്യാണത്തിനു പോകില്ലെന്ന് വാശി പിടിച്ചു.സമരം വിജയിച്ചു .ഉപ്പാടെ ഓർഡർ വന്നു. ഇവിടെനിന്നാരും ഇപ്പോൾ നാട്ടിലേക്ക് വരുന്നവരില്ല .ഉമ്മയില്‍ നിന്നും ക്യാഷ് വാങ്ങിക്കോ എന്നിട്ട് നാട്ടില്‍ നിന്ന് വാങ്ങിച്ചു കൊള്ളാനായിരുന്നു ഉപ്പച്ചിയുടെ നിര്‍‌ദേശം.

ഉമ്മച്ചിക്ക് ബാഗ് തുറക്കാൻ പോലും സമയം   കൊടുക്കാതെ ഞാൻ ക്യാഷും വാങ്ങി കൂട്ടുകാരനെയും കൂട്ടി ബൈക്കിൽ തൃശൂരിലേക്ക് തൂളിച്ചു .യാത്രാമധ്യേ  തൃശൂരിലെ ഒരു ആശുപത്രിക്ക് മുന്നിലായി സ്‌കൂൾ യൂണിഫോം ധരിച്ച ഒരു പയ്യനും അവൻറെ കയ്യിൽ തൂങ്ങി തനിയെ നില്‍ക്കാൻ കഴിയാതെ ഒരമ്മയും. ഞങ്ങളുടെ ബൈക്ക് അവരുടെ അടുത്ത് കൂടെ നീങ്ങുന്നതിനിടയിൽ ആ കുട്ടി ബൈക്കിനു നേരെ കൈനീട്ടി. ഇതെന്താ ഓട്ടോറിക്ഷയോ കൈനീട്ടാൻ എന്ന് പറഞ്ഞു എൻ്റെ കൂട്ടു കാരൻ ബൈക്കുമായി മുന്നോട്ട് കുതിച്ചു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൻ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവന്റെ നോട്ടത്തിൽ തന്നെ മനസ്സിലായി അവന്നെന്തോ പറയാനുണ്ടെന്ന്. ഞങ്ങൾ വണ്ടി തിരിച്ചു. അവനോട് കാര്യം തിരക്കി.

അച്ഛനില്ലാത്ത അവന്‍‌ക്കും അനിയത്തിക്കും ആകെയുള്ള ആശ്രയം അമ്മയായിരുന്നു. 'അമ്മ കൂലിപ്പണിക്ക് പോയിട്ടായിരുന്നു അവരെ നോക്കിയിരുന്നത്. വലിയൊരു കരിങ്കല്ല് ചുമന്നു പോകുന്നതിനിടയിൽ കാൽ വഴുതി വീണ് ആ കല്ല് അമ്മയുടെ കാലിൽ തട്ടി എല്ല് മുറിയുകയും ചെയ്തു.ഹോസ്പിറ്റലിൽ വന്നപ്പോൾ ഡോക്ടർ പറഞ്ഞു 15,000 രൂപ വേണ്ടി വരും ഓപ്പറേഷൻ ചെയ്യാനെന്ന്. 500 രൂപ പോലും തികച്ചില്ലാത്ത അവർ എന്ത് ചെയ്യണമെന്നറിയാതെ പുറത്തിറങ്ങി. ഒരുപാട് വണ്ടികൾക്ക് നേരെ കൈ കാണിച്ചു. ആരും നിറുത്തിയില്ലെന്ന് പറഞ്ഞു പൊട്ടിക്കരയുകയായിരുന്നു അവന്റെ കണ്ണുനീർ ഞങ്ങളുടെ കണ്ണ് നനയിച്ചു. അവനെ ഞാൻ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൻ ''എന്റെ അമ്മ എന്റെ അമ്മ '' എന്ന് പറഞ്ഞു നിലവിളിക്കുകയായിരുന്നു..

അപ്പോഴാണ് എന്റെ പോക്കറ്റിൽ മൊബൈൽ വാങ്ങിക്കാനുള്ള ആ പൈസയെ കുറിച്ചു ഓർമ്മ വന്നത്. ഒന്നും ചിന്തിച്ചില്ല.ഞങ്ങൾ അമ്മയെയും താങ്ങി ആശുപത്രിയിലേക്ക് നീങ്ങി.

അമ്മയുടെ ഓപ്പറേഷന് വേണ്ട സംഖ്യ കെട്ടി. ഓപ്പറേഷൻ ഇനി വൈകുന്നേരം നടക്കുള്ളൂ..മാമയുടെ മകളുടെ കല്യാണ തലേന്ന് ആയതുകൊണ്ട് എനിക്കവിടെ നില്‍ക്കാൻ കഴിഞ്ഞില്ല. ബാക്കിയുള്ള കാഷും അവനെ ഏൽപ്പിച്ചു.''ചേട്ടന്മാർ നാളെ വരാം'' എന്നു പറഞ്ഞു  ഞങ്ങൾ  അവിടെ നിന്നും വീട്ടിലേക്ക് പുറപ്പെട്ടു.

കല്യാണവീട്ടിൽ എത്തിയിട്ടും ഒരു സന്തോഷവും ഉണ്ടായിരുന്നില്ല. ചിന്ത മുഴുവൻ അമ്മയുടെ ഓപ്പറേഷനും അവന്റെ കരയുന്ന മുഖവും. അതിരാവിലെ ഉമ്മച്ചി ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. മൊബൈൽ എവിടെയെന്ന ഉമ്മച്ചീടെ ചോദ്യം കേട്ട് ഞാനൊന്ന്  ഞെട്ടിയെങ്കിലും  എല്ലാം ഉമ്മച്ചിയോട് തുറന്ന് പറഞ്ഞു. ഇതെല്ലം കേട്ട് ഉമ്മച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നിട്ട് പറഞ്ഞു ''സാരമില്ല ഉപ്പച്ചിയോട് ഉമ്മച്ചി പറഞ്ഞോളാം'' എന്നാശ്വസിപ്പിച്ചു.

കല്യാണ വീട്ടിൽ പോകുന്നതിനു മുമ്പേ ഞാൻ അമ്മയെ കാണാൻ ആശുപത്രിയിൽ പോയി. ഓപ്പറേഷൻ എല്ലാം കഴിഞ്ഞു അമ്മയെ റൂമിൽ കൊണ്ടുവന്നിരുന്നു. എന്നെക്കണ്ടപ്പോൾ അവൻ ഏട്ടാ ന്ന് വിളിച്ചു ഓടിവന്നു കെട്ടിപ്പിടിച്ചു. അമ്മയോട്‌ കാര്യങ്ങളെല്ലാം വിവരിക്കുന്നുണ്ടായിരുന്നു. അമ്മ എന്നെ വിളിച്ചു അടുത്തിരുത്തി, തലയിൽ കൈ വെച്ച്‌ എന്തെക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഇതെല്ലാം നോക്കി അവന്റെ കൊച്ചു പെങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കല്യാണത്തിനു പോകാൻ സമയമായി. ഞാൻ കയ്യിൽ ബാക്കിയുണ്ടായിരുന്ന കാഷ്‌ അവനെ ഏൽപ്പിച്ചു അവിടെ നിന്നും മടങ്ങി.

അവൻ എന്റെ പിറകെ വന്നു ഒരു നോട്ടു ബുക്കിൽ എന്റെ അഡ്രസ്സ് എഴുതി വാങ്ങിച്ചു. എന്തിനാടാ എന്റെ അഡ്രസ്സ്  എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയിൽ ഒതുക്കി അവന്റെ മറുപടി.

ഇതൊക്കെ ഞാനിവിടെ ഇപ്പോൾ  നിങ്ങളോട് പങ്കുവയ്ക്കാൻ കാരണം ഞാനിന്ന് നാട്ടിലേക്ക് ഉമ്മച്ചിയെ വിളിച്ചപ്പോൾ പറയുന്നു ഇന്നിവിടെ ഒരു പയ്യൻ വന്നിരുന്നു. 15,000 രൂപയും ഒപ്പം ഒരു കല്യാണക്കുറിയും തന്നിട്ടുണ്ടെന്നും. മോന്റെ ഫ്രണ്ടാണെന്ന പരിചയപ്പെട്ടുത്തി മോന്റെ നമ്പറും വാങ്ങിച്ചു ആ പയ്യൻ പെട്ടെന്ന് പോയി.

ഞാൻ എത്ര ആലോചിച്ചിട്ടും ആ പയ്യനെയോ കല്യാണക്കുറിയിലെ പേരുകളോ മനസ്സിൽ വന്നില്ല. ഫോൺ വെച്ചിട്ടും ഞാൻ ചിന്തയിൽ മുഴുകിയിരിക്കുമ്പോൾ ഫോണ് ബെല്ലടിച്ചു, നോക്കുമ്പോൾ ഒരു പരിചയമില്ലാത്ത നമ്പർ!ബഹ്‌റൈനിൽ നിന്നുള്ള കോളാണെന്ന് മനസ്സിലായി.ഞാൻ ഫോണെടുത്തു.അയാൾ സ്വയം പരിചയപ്പെടുത്തി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സംസാരശേഷി നഷ്ടപ്പെട്ടവനെ പോലെ തിരിച്ച ഒന്നും പറയാൻ കഴിയാതെ അമ്പരപ്പോടെ ഞാൻ ഫോൺ വെച്ചു.അതവനായിരുന്നു ..... 15 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ ബൈക്കിനു കൈ കാട്ടിയ പയ്യൻ.അവനിപ്പോൾ ബഹറിനിൽ ഐ ടി ഫീൽഡിൽ വർക്ക് ചെയ്യുന്നു.അവന്റെ ഫ്രണ്ടായിരുന്നു ഇന്ന് വീട്ടിൽ ചെന്ന് ഉമ്മച്ചിയുടെടെ കയ്യിൽ 15,000 രൂപയും കല്യാണ കുറിയും കൊണ്ട് കൊടുത്തത്.അന്ന് ഞാൻ കൊടുത്ത കാഷ് അവൻ ജോലി ചെയ്ത് തിരിച്ചു തന്നിരിക്കുന്നു.അവൻ അന്ന് എന്റെ അഡ്രസ്സ് ്‌വാങ്ങിക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല അവനെന്നെ തേടിയെത്തുമെന്ന് ......ഈ 15 വർഷങ്ങൾക്കിടയിൽ പല തവണ ഈ കുടുംബത്തെക്കുറിച്ച്‌ ഞാനും ഉമ്മച്ചിയും സംസാരിക്കാറുണ്ടായിരുന്നു. അവർ എവിടെയുണ്ട്‌, എന്തായിരിക്കുംഅവരുടെ അവസ്ത എന്നൊക്കെ.....അവന്റെ പെങ്ങളുടെ കല്യാണക്കുറിയായിരുന്നു വീട്ടിൽ കൊടുത്തത്. ഈ മാസം 26 നാണ് അവളുടെ വിവാഹം.
ഞാൻ ഇന്ന് ട്രാവൽസിൽ പോയി അന്നത്തേക്ക് എനിക്ക് പോകാനുള്ള ടിക്കറ്റും ആ പെങ്ങൾ കുട്ടിക്ക് കൊടുക്കാൻ വേണ്ടി 2 വളയും വാങ്ങിയിട്ടാണ്‌  ഈ ഓർമ്മക്കുറിപ്പ്‌  നിങ്ങളോട് ഷെയർ ചെയ്യുന്നത്.നിങ്ങളും വരണം എന്റെ പെങ്ങളൂട്ടിയുടെ കല്യാണത്തിന് ......
ദിവസങ്ങൾ എണ്ണി ഞാൻ കാത്തിരിക്കുന്നു ............................

മുഹമ്മദ്‌ റാഫി
മുഹമ്മദ്‌ റാഫി സഹൃദയനായ ഒരു കലാകാരന്‍.പെരിങ്ങാടുമായി ഹൃദയം ബന്ധം പുലര്‍ത്തുന്ന റാഫി ഏനാമാവ്‌ കാരനാണ്‌.ഒഴിവു സമയങ്ങള്‍ വായനയ്‌ക്കും എഴുത്തിനും സമയം കണ്ടെത്തുന്ന യുവ എഴുത്തുകാരന്‍ ദോഹയില്‍ ഒരു ഡിസൈനിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.പിതാവ്‌ അബ്‌ദുല്ല പുതിയ വീട്ടില്‍.